Related Subjects
ബൈബിള്‍ ദൈവശ്വാസീയ തിരുവെഴുത്ത്
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് കുടുംബബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതായ ചില പ്രമാണങ്ങൾ ലിഖിതങ്ങളായും അലിഖിതങ്ങളായും അവന്റെ മനസാക്ഷിയിലുണ്ട്. കുടുംബത്തിൽ എങ്ങനെ പെരുമാറണമെന്നതിനു അലിഖിതങ്ങളായ ചില പ്രമാണങ്ങൾ കുടുംബബന്ധങ്ങളിൽ നാം കണ്ടുവരുന്നു. ഈ പ്രമാണങ്ങൾക്ക് വിധേയപ്പെട്ട് ഒരുവൻ ജീവിക്കുമ്പോഴാണ് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നത്.

സമൂഹത്തിൽ ഇടചേർന്നു ജീവിക്കുന്നതിനു സാമൂഹികമായ ചില പെരുമാറ്റചട്ടങ്ങൾ ലിഖിതങ്ങളായും അലിഖിതങ്ങളായും ഉണ്ട്. ഇവയോടു കൂറുപുലർത്തി ജീവിക്കുമ്പോഴാണ് സാമൂഹ്യ ജീവിതത്തിൽ സന്തോഷമുണ്ടാകൂ. അതുപോലെ തന്നെ ഒരു വ്യക്തിയുടെ വിശ്വാസത്തെ നയിക്കുന്നതും നിലനിർത്തുന്നതുമായ പ്രമാണങ്ങൾ ഉണ്ട്. ക്രിസ്തീയ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതും നിലനിർത്തുന്നതുമായ പ്രമാണം ബൈബിൾ ആണ്.
മനുഷ്യ ജീവീതവുമായി ബന്ധപ്പെട്ട മറ്റ് ഏതു പ്രമാണങ്ങളെക്കാളും സവിശേഷതകൾ ഏറെയുള്ള ഒന്നാണ് ബൈബിൾ. അത് ദൈവശ്വാസീയമാണ് എന്നതു തന്നെയാണ് ബൈബിളിനുള്ള പ്രത്യേകത. മറ്റു പല ഗ്രന്ഥങ്ങൾക്കും മനുഷ്യനിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെങ്കിലും ബൈബിളിനു മാത്രമാണ് മനുഷ്യന്നു മാനസാന്തരവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയും ഉറപ്പും നൽകുവാൻ കഴിയുകയുള്ളു.
ബൈബിളിന്റെ ദൈവശ്വാസീയതയെക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു;
“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കും വക പ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു” (2 തിമോ.3:16).
എഴുത്തുകാരിൽ ദൈവം നിശ്വസിച്ചത് അവർ അങ്ങനെ തന്നെ എഴുതി എന്നർത്ഥം. എന്നാൽ അതു കേവലം യാന്ത്രികമായ എഴുത്ത് ആയിരുന്നില്ല. ദൈവം നിശ്വസിച്ച് നൽകിയ വചനങ്ങൾ അവരുടെ ജീവന്റെ ഭാഗമായി. തന്മൂലം അവരുടെ എഴുത്തുകൾ അവരുടെ അന്തരാത്മാവിൽ നിന്നും ബഹിർഗമിച്ചവയാണ്. സ്വന്തം ഭാഷാശൈലിയിൽ ആ വചനങ്ങൾ എഴുതിയപ്പോൾ നമുക്ക് ഏവർക്കും മനസിലാകുന്ന ഭാഷയായി അതു അവതരിപ്പിക്കപ്പെട്ടു. അവർ പൂർണ്ണമായും പരിശുദ്ധാത്മ നിയന്ത്രണത്തിലാണ് അവ എഴുതിയത്.
ബൈബിൾ നിസ്തുല്യമായ നിലയിൽ രചിക്കപ്പെട്ടതുകൊണ്ട് അതിന്നു നിസ്തുല്യതകൾ ഏറെയുണ്ട്. അവയിൽ ചിലതു ചുവടെ ചേർക്കുന്നു.
- ദൈവം യഹൂദന്മാരിലൂടെ മാത്രമാണ് പഴയനിയമകാലത്ത് അരുളിച്ചെയ്തിട്ടുള്ളത്. സങ്കീ.147:19,20ൽ നാം ഇങ്ങനെ വായിക്കുന്നു;
“അവൻ യാക്കോബിനു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ”.
- പുതിയ നിയമകാലത്ത് സഭ മുഖാന്തരം അഥവാ ക്രിസ്തീയ വിശ്വാസികൾ മുഖാന്തരമാണ് അരുളപ്പാടുകൾ അഥവാ ദൈവ വചനം നൽകപ്പെട്ടതു (എഫെ 3:11)
- ബൈബിളിനു വെളിയിൽ ദൈവിക വെളിപ്പാടുകൾ ലഭ്യമല്ല. വിജാതിയർക്ക് പരിശുദ്ധാത്മ നിശ്വസിതമായ ഇത്തരം വെളിപ്പാടുകളെക്കുറിച്ചറിവില്ല. അവരുടെ ഗ്രന്ഥങ്ങളിൽ പരിശുദ്ധാത്മ നിശ്വസിത വചനങ്ങൾ ലഭ്യവുമല്ല.
ആകയാൽ ഇതരമതഗ്രന്ഥങ്ങളേക്കാൾ സവിശേഷതകൾ പരിശുദ്ധാത്മ നിശ്വസ്തത എന്ന സവിശേഷതയാൽ ബൈബിളിനുണ്ട്.
- ബൈബിൾ അബദ്ധരഹിതമാണ്. ബൈബിളിൽ തെറ്റില്ല എന്നർത്ഥം. ശാസ്ത്രീയമോ ചരിത്രപരമോ ആയ തെറ്റുകൾ ബൈബിളിൽ ഇല്ല.
- ബൈബിൾ അപ്രമാദിത്വമുള്ളതാണ്. ബൈബിളിലെ പരാമർശങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാനാവാത്തത്ര കൃത്യതയുള്ളതാണ്. അവ 100 ശതശതമാനം കൃത്യവും ആർക്കും മാറ്റം വരുത്താനാവാത്തതുമാണ്.
- വിശ്വാസികളുടെ ജീവിതത്തിനും വിശ്വാസത്തിനുമുള്ള ആത്യന്തികവും ആധികാരികവുമായ ഉറവിടം ബൈബിൾ മാത്രമാണ്. നമുക്ക് ഗ്രഹിക്കാവുന്നതും ഉൾക്കൊള്ളാവുന്നതും ആണെങ്കിലും അല്ലെങ്കിലും നാം വചനം അനുസരിച്ചേ മതിയാകൂ. അവയെ മനസിലാക്കാൻ നാം ശ്രമിക്കണം. എന്നാൽ നമുക്ക് മനസിലാക്കാനുള്ള കഴിവല്ല ദൈവവചനത്തിന്റെ ആധികാരികതയ്ക്കുള്ള മാനദണ്ഡം എന്നതു പ്രത്യേകം ഓർക്കുക.
മനുഷ്യന്റെ പാപ സ്വഭാവം എക്കാലത്തും ദൈവത്തോട് മത്സരിക്കുന്നതാണ്. ദൈവത്തിൽ നിന്നുള്ളതെന്നു പറയുന്ന എന്തും മനുഷ്യന്റെ പാപസ്വഭാവത്തിന് അനിഷ്ടമാണ്. പ്രത്യേകിച്ചും ബൈബിൾ അബദ്ധരഹിതവും അപ്രമാദിത്വമുള്ളതുമാണെന്ന കാര്യം. തന്മൂലം ബൈബിളിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള പ്രവണത ലോകവ്യാപകമായി നമുക്ക് ദർശിക്കാവുന്നതാണ്. ഇവിടെ പ്രശ്നം ബൈബിളിനല്ല, ദൈവത്തിനെതിരെ മത്സരിക്കുന്ന മനുഷ്യ സ്വഭാവത്തിനാണ്.
എന്നിരുന്നാലും, ദൈവശ്വാസീയത, അധികാരം, അപ്രമാദിത്വം, അബദ്ധരാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ യാതൊരു വിലപേശലിനും വചനം ഇട നൽകുന്നില്ല. ബൈബിളിന്റെ ഈ പ്രത്യേകതകൾ പൂർണ്ണമായും അംഗീകരിക്കാനാവാത്ത ഒരു വ്യക്തിക്ക് സത്യക്രിസ്ത്യാനിയായിരിപ്പാൻ സാധിക്കില്ല. ഒരു പക്ഷെ, ആ വ്യക്തി വീണ്ടും ജനനം പ്രാപിച്ചവൻ ആയിരിക്കാം. എന്നാൽ വചനത്തോടുള്ള തന്റെ സമീപനം സമ്പൂർണ്ണ സമർപ്പണമുള്ളതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. തന്റെ കാഴ്ചപ്പാടുകളെ തിരുവെഴുത്തിന്റെ അധികാരത്തിനു കീഴിൽ താൻ എത്രയും വ്വേഗം സമർപ്പിക്കേണ്ടിയിരിക്കുന്നു.
ദൈവവചനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരാളെ കണ്ടിട്ടുണ്ടോ? തന്റെ ജീവിതത്തിൽ ഏതോ തലത്തിൽ താൻ ദൈവത്തോടു മത്സരിക്കുന്നവനാണ്. ക്രിസ്തീയ ജീവിതത്തിനും വിശ്വാസത്തിനും ആധാരമായ ഒന്നാണ് ബൈബിളിന്റെ നിസ്തുല്യമായ ദൈവശ്വാസീയത. ഈ ഉപദേശത്തെ പൂർണ്ണമായി അംഗീകരിക്കാത്തവന്നു സത്യക്രിസ്ത്യാനിയായിരിപ്പാൻ സാധ്യമല്ല.
- editor's blog
- Login or register to post comments
- 1631 reads













Comments!
27 weeks 4 days സമയം മുമ്പ്
33 weeks 5 days സമയം മുമ്പ്
36 weeks 1 ദിവസം സമയം മുമ്പ്
37 weeks 6 days സമയം മുമ്പ്
44 weeks 2 days സമയം മുമ്പ്
44 weeks 5 days സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്