Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ജീവന്‍ രക്ഷാ യോജന!

ഇന്ന് നമുക്കുചുറ്റും ധാരാളം ജീവന്‍രക്ഷാ യോജനകളുടെ ബഹളമാണ്. ദേശസാല്‍കൃതവും  അല്ലാത്തതുമായ ഒട്ടനവധി കമ്പനികള്‍ ഈ മേഖലയില്‍ ഉണ്ട്. ടാറ്റാ, ബജാജ്, റിലയന്‍സ്, തുടങ്ങിയവ ഇവയില്‍ ചിലതാണ്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ലക്ഷ്യം വെച്ച് വിവിധ തരത്തിലുള്ള പോളിസികള്‍ അവര്‍ അവതരിപ്പിക്കുന്നു. ഇതിലൊക്കെയും ആകൃഷ്ടരായി അനവധിയാളുകള്‍ തങ്ങളുടെ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. 

Jeevan raksha yojaya! The complete protection for your life!

ഈ പോളിസികളുമായി നമ്മെ സമീപിക്കുന്നവര്‍ വളരെ വാചാലതയോടെ നമ്മോടു ഇതിന്റെ നല്ല വശത്തെപ്പറ്റി സംസാരിക്കും .ആ നല്ല വശം മാത്രം കണ്ടു നാം അതില്‍ ചേരുകയും ചെയ്യും. എന്നാല്‍ ഇതിലൊക്കെ മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ (ഹിഡന്‍ ഫാക്ട്സ്) ഉണ്ട് എന്നത് അവര്‍ നമ്മെ അറിയിക്കില്ല. ഈ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ എന്നത് ആ പോളിസി എടുക്കുന്നതിലൂടെ നമുക്ക് വന്നേക്കാവുന്ന നഷ്ടങ്ങളാണ്. ഈ നഷ്ടസാദ്ധ്യതകളെപ്പറ്റി പിന്നീട് പറയാം.

ശരിക്ക് ചിന്തിച്ചാല്‍ നമുക്ക് ഒരു ജീവന്‍രക്ഷാ യോജന (പദ്ധതി) ആവശ്യമാണ്‌. ആവശ്യമെന്നല്ല, വളരെ അത്യാവശ്യമാണ്. ഇത് തിരഞ്ഞെടുക്കുന്നതിലാണ് കാര്യമിരിക്കുന്നത്. എനിക്കും ഒരു ജീവന്‍ രക്ഷാ പദ്ധതിയെ പറ്റിയാണ് പറയുവാനുള്ളത്. എന്നാല്‍ ഇത് മറ്റു സ്കീമുകള്‍ പോലെയല്ല. മേല്പറഞ്ഞ പോളിസികളുടെ കാര്യം നാം ചിന്തിച്ചാല്‍  അതിലൊക്കെയും നാം ശ്രദ്ധിക്കാത്ത ചില വശങ്ങളുണ്ട്. അത് ഞാന്‍ പറഞ്ഞു തരാം

1. ഒരു നിശ്ചിത തുക നല്‍കി നാം പോളിസി സ്വന്തമാക്കിയാലും പോളിസിയുടെ കാലം കഴിയുന്നത്‌ വരെ നാം ഒരു തുക ക്രമമായി അടച്ചു കൊണ്ടിരിക്കണം. അത് ദ്വൈമാസികമായോ,  ത്രൈമാസികമായോ അടയ്ക്കാമെന്ന് മാത്രം.

 
2. ഒന്നുകില്‍ കാലാവധി തികയുകയോ അല്ലെങ്കില്‍ , പദ്ധതി ചേര്‍ക്കപ്പെട്ട വ്യക്തിയുടെ/ വസ്തുവിന്റെ മരണം /നഷ്ടം സംഭവിക്കുകയോ വേണം, നമുക്ക് പ്രസ്തുത പദ്ധതിയുടെ ഫലം ലഭിക്കുവാന്‍ .
 
3. ഇതെപ്പോഴും ഉപയോക്താവിന് നേരിട്ട് കിട്ടണമെന്നില്ല. ആശ്രിതര്‍ക്കോ, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മറ്റൊരാള്‍ക്കോ ഇത് ചെന്നുചേര്‍ന്നു എന്ന് വരാം. ഇതും ഒരു പോരായ്മയാണ്. 

4. പദ്ധതിയില്‍ മുടക്കുന്ന കാലയളവിലെ നാണയ മൂല്യവും, കാലാവധിക്ക് ശേഷം ലഭിക്കുന്ന തുകയുടെ, ആ കാലത്തെ നാണയ മൂല്യവും താരതമ്യപ്പെടുത്തിയാല്‍ , ബോണസ് സഹിതം ലഭിക്കുന്ന സംഖ്യ വളരെ തുച്ഛമായ ലാഭം മാത്രമുള്ളതാണെന്ന് മനസിലാക്കാം.

5. ഇതില്‍ നിന്ന് വായ്പ എടുക്കാം എങ്കിലും, ലാഭത്തില്‍ കുറയുകയും, തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കുന്നതുമാണ്.

നഷ്ടങ്ങളില്ലാത്ത പദ്ധതി ..!

എന്നാല്‍ ഞാന്‍ അവതരിപ്പിക്കുന്ന പദ്ധതിയില്‍ നിങ്ങള്‍ക്ക് യാതൊരു നഷ്ടസാദ്ധ്യതയുമില്ല എന്നതാണ് സത്യം. മാത്രമല്ല, തുടര്‍മാനമായ ലാഭം മാത്രവും!. ഇതിന്റെ ചില പ്രത്യേകതകള്‍ കേള്‍ക്കുമ്പോഴേ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ കള്ളമല്ല പറയുന്നത് എന്ന്. അത് പോലെ നിങ്ങള്‍ക്കിത് വിശ്വസിക്കാനും പ്രയാസം തോന്നും.കാരണം, ഇത്ര ലളിത സുന്ദരവും വ്യക്തവും സുതാര്യവും ആയ ഈ പദ്ധതി ഈ നിലയില്‍ നിങ്ങള്‍ മനസിലാക്കിയിട്ടില്ല എന്നതിനാല്‍ ..! അതാണ്‌ സത്യം..!! അല്ല,ഇത് നിങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ എത്ര നേരത്തെത്തന്നെ ഇതില്‍ ചേര്‍ന്ന് ജീവിതം സുരക്ഷിതമാക്കിയെനേം. എനിക്കുറപ്പുണ്ട് .

ഇനിയും ഞാന്‍ ഇതിന്റെ പ്രത്യേകതകള്‍ പറഞ്ഞുതരാം.


നോ ഹിഡന്‍ ചാര്‍ജസ് ...!
 
ഒന്നാമത് , ഇതിനു മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ ഒന്നുമില്ല. എല്ലാം പകല്‍ പോലെ വ്യക്തം.

മനസുണ്ടോ? അതുമതി..!


ഇതില്‍ പങ്കാളിയാവാന്‍ താങ്കള്‍ക്ക് ആവശ്യം മനസാണ്. വിസ്തരിച്ചു പറഞ്ഞുതരാം.. താങ്കള്‍ മനസുവെച്ചാല്‍ ഇതില്‍ ചേരാം.. മനസ് മാത്രം..! പണം മുടക്കേണ്ടതില്ലെന്നു തന്നെ. ആശ്ചര്യം .. അല്ലേ..!!

വിലയോ തുച്ഛം, ഗുണമോ മെച്ചം !


ഓ, ഒന്നുമായില്ല കേട്ടോ....ശ്രദ്ധിച്ച് കേട്ടോളു..താങ്കള്‍ക്ക് മനസുണ്ടെങ്കില്‍ ... ഇതില്‍ താങ്കള്‍ക്കു വേണ്ടി മുതല്‍ മുടക്കുന്നത് മറ്റൊരാള്‍ ആണ്.. എന്നാല്‍ ഇതിന്റെ ഗുണഭോക്താവ് താങ്കള്‍ മാത്രവും..! തീര്‍ന്നില്ല.. പിന്നീടൊരിക്കലും തവണകള്‍ അടക്കുകയും വേണ്ട..! മുഴുവന്‍ തുകയും താങ്കളുടെ പകരക്കാരന്‍ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നു. കാലങ്ങളോളം കാത്തിരുന്ന് തളരേണ്ടതില്ല. അന്ന് മുതല്‍ താങ്കള്‍ ഈ പദ്ധതിയുടെ ഗുണങ്ങളനുഭവിക്കാന്‍ തുടങ്ങുന്നു. ആരും തരാത്ത സമാധാനവും, സന്തോഷവും താങ്കള്‍ അനുഭവിക്കാന്‍ തുടങ്ങുന്നു. ജീവിതത്തിനു തന്നെ പുതിയ അര്‍ത്ഥം കൈവന്നതായി താങ്കള്‍ അറിയും. ഇന്നലെ വരെ താങ്കള്‍ ആരായിരുന്നു.. എന്നതല്ല, ഇന്നാരാണ്.. (!) എന്നാ അറിവ് താങ്കളെ സന്തോഷിപ്പിക്കും.

സുപ്രീം പോളിസി !

 
ശരിക്ക് മനസ്സിലായില്ല എന്നുണ്ടോ..? പറയാം.. ഇന്ന് താങ്കളുടെ  എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്താണെന്ന് താങ്കള്‍ ചിന്തിച്ചുണ്ടോ..? ഉണ്ടായിരുന്നെങ്കില്‍ താങ്കളതിനു പരിഹാരം തേടിയേനേം.. ഇന്നതിനൊരു അവസരം ആണ്. നമ്മിലെ പ്രധാന പ്രശ്നം പാപമാണ്. മനുഷ്യന്‍ അംഗീകരിച്ചാലും ഇല്ല്ലെങ്കിലും ദൈവം അത് തീര്‍ത്തു പറഞ്ഞു. ഈ പാപത്തിന്റെ ശമ്പളമായ മരണം മനുഷ്യനുള്ളതാണ്.. ഇതിന്റെ സകല തിക്തതയോടും കൂടി നരകത്തിലാണ് മനുഷ്യനത് അനുഭവിക്കേണ്ടത്. ഒരിക്കലും വിമോചനമില്ലാത്ത ഈ നരകശിക്ഷയില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ സ്വര്‍ഗത്തിലെ ദൈവമൊരുക്കിയ അതുല്യമായ രക്ഷാപദ്ധതിയെപ്പറ്റിയാണ് ഞാന്‍ മേല്‍ പ്രസ്താവിച്ചത്. 

ഞാന്‍ ഓര്‍മിപ്പിച്ചത് പോലെ ഈ രക്ഷ സ്വന്തമാക്കുവാന്‍ നാം ഒന്നും ചെയ്യേണ്ടതില്ല. നമ്മിലെ പാപം കാരണം നമുക്കതിനു കഴിയില്ല. നാം അവന്റെ രക്ഷ വിശ്വാസത്താല്‍ സ്വീകരിക്കുക മാത്രം ചെയ്യുക. നാം അനുഭവിക്കേണ്ടതായ മരണശിക്ഷ ദൈവത്തിന്റെ പുത്രന്‍ കുരിശില്‍ സഹിച്ചു...! അവന്‍ നമ്മെ സ് നേഹിച്ച ആ മഹാ സ് നേഹത്തില്‍ നമ്മുടെ ശിക്ഷകള്‍ ഏറ്റെടുത്തു... അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്, മറ്റൊരാള്‍ നിങ്ങള്‍ക്ക് വേണ്ടി മുതലിറക്കുന്നു എന്ന്. 


ചേരണോ വേണ്ടയോ?
 
 താങ്കള്‍  ഇന്നും പാപത്തിന്റെ  ബന്ധനത്തില്‍  കഴിയുന്ന ആളാണെങ്കില്‍ ജാതിമത ചിന്തകല്‍ക്കതീതനായി പപികള്‍ക്കായി തന്റെ ജീവനെ നല്‍കിയ, തന്നില്‍ വിശ്വസിക്കുന്ന ഏവരെയും രക്ഷിക്കുവാന്‍ മരണത്തെ ജയിച്ചുയിര്‍ത്തു സ്വര്‍ഗത്തില്‍ ജീവിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവില്‍  വിശ്വസിക്കുക..! അങ്ങിനെ താങ്കള്‍ താങ്കളുടെ ജീവനെയും ആത്മാവിനെയും നേടി. ഇല്ലെങ്കിലോ..? മേല്‍ പ്രസ്താവിച്ച ഘോരമായ നരകശിക്ഷ ആയിരിക്കും താങ്കളുടെ ഓഹരി...! ഒരു നല്ല തീരുമാനമെടുക്കാന്‍ ദൈവം താങ്കളെ സഹായിക്കട്ടെ.

ഇതിനോടുള്ള ബന്ധത്തില്‍ താങ്കള്‍ കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക. കൂടുതല്‍ കാര്യങ്ങള്‍ താങ്കളുമായി പങ്കു വെക്കുന്നതിലും,ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

നന്ദി..


രചന: ശ്രീ. ബോബി ചാര്‍ളി

Share this
Your rating: None Average: 5 (1 vote)
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)