എന്നെ സ്നേഹിക്കും പൊന്നേശുവേ...
Speaker:
കാറ്റഗറി: Behind a song
Tags: സമര്‍പ്പണം, ഗാനം
Uploaded On: Oct 23, 2010
Views: 1146, മറുമൊഴികൾ അഥവാ കമന്റുകൾ: 0
നമുക്ക് ചുറ്റും നടക്കുന്ന ഓരോ സംഭവങ്ങളും ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് വന്നു ഭവിക്കുന്ന ആപത്തുകള്‍ ദു:ഖങ്ങള്‍ തുടങ്ങിയ വിഷമ സന്ധികളും നമ്മെ ചിന്താധീനരാക്കിയക്കാം. എങ്കിലും നമ്മെത്തന്നെ ഒരിക്കല്‍ക്കൂടെ ശോധന ചെയ്യുന്നതിനും ദൈവ സന്നിധിയില്‍ പുന:സമര്‍പ്പണം ചെയ്യുന്നതിനും അവിടുത്തെ പരിപാലനത്തെ ഓര്‍ത്തു സ്തുതി കരേറ്റുന്നതിനും അത്തരം സംഭവങ്ങള്‍ അവസരം നല്‍കും.
1979 മാര്‍ച്ച് മാസം മുപ്പതാം തിയതി പത്തനംതിട്ടയ്ക്കടുത്ത് കുമ്പഴ എന്ന സ്ഥലത്ത് വലിയൊരു ബസപകടം ഉണ്ടായി. നിറയെ യാത്രക്കാരുമായി നീങ്ങിക്കൊണ്ടിരുന്ന കോമോസ് എന്ന് പേരുള്ള ഒരു ബസ് പെട്ടെന്ന് ബ്രേയ്ക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ നിയന്ത്രണം വിട്ടു അതിദാരുണമായ വിധം അപകടത്തില്‍ പെട്ടു. 35 പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ തളര്‍ന്നും ഒടിവുകള്‍ ഏറ്റവരുമായി അവശേഷിക്കുകയും ചെയ്ത അപകടമായിട്ടാണ് ഈ സംഭവം ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്.
അന്ന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ വാന്‍ സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു ശ്രീ അനിയന്‍ വര്‍ഗീസ്. വിവരം അറിഞ്ഞയുടന്‍ അദ്ദേഹവും കുമ്പഴയിലെത്തി. അവിടെ കണ്ട കാഴ്ച തന്റെ ഹൃദയത്തെ ആകെ നുറുക്കുന്നതായിരുന്നു. തകര്‍ന്നു തരിപ്പിണമായ ബസ്... അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാംസക്കഷണങ്ങളും സാധന സാമഗ്രികളും... രക്തത്തില്‍ മുക്കിയെടുത്ത പോലെ വസ്ത്രങ്ങള്‍ ... ഭീതിജനകവും ദു:ഖസാന്ദ്രവുമായ അന്തരീക്ഷം ..!
അവിടെനിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെന്നപ്പോളാകട്ടെ, അപകടത്തില്‍ മരിച്ച - ഏറെയും പത്തനംതിട്ടയിലെ കോളേജുകളിലെ യുവതിയുവാക്കളുടെ - ചേതനയറ്റ ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു പായില്‍ കെട്ടി നിരത്തിയിട്ടിരിക്കുന്നതാണ് കാണുന്നത്.. ഹോ! ഉറ്റവര്‍ വിട്ടു പിരിഞ്ഞ ബന്ധുമിത്രാദികളുടെ കരച്ചില്‍ കരളലിയിപ്പിക്കുന്നതായിരുന്നു... ഈ ദാരുണ സംഭവം അദ്ദേഹത്തിന്റെയും കണ്ണുകള്‍ ഈറനണിയിപ്പിച്ചു..
"എങ്ങും ആപത്തൊളിച്ചിരിക്കും
വേളയില്‍ നിന്‍ ദാസനാമെന്നെ
ഉള്ളം കൈയില്‍ വഹിച്ചിടണേ
കണ്മണി പോലെ കാത്തിടണേ.."
എന്ന വരികള്‍ ഈ പശ്ചാത്തലത്തിലാണ് ജന്മം കൊണ്ടത്.. ജോലിയോടുള്ള ബന്ധത്തില്‍ ഏറെ യാത്ര ചെയ്യേണ്ടി വന്നിരുന്ന തന്റെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്ന പ്രാര്‍ത്ഥന കൂടിയായിരുന്നു ഈ വരികള്‍ ...
ഗാന രചന: അനിയന്‍ വര്‍ഗീസ്, കല്ലിശേരി
എന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നും പാലിക്കും എന്‍ നാഥനേ
ഈ മരുഭൂവില്‍ കൈവിടല്ലേ
തിരു ചിറകെന്നെ പൊതിയേണമേ
എന്നില്‍ വന്നു പോയ് തെറ്റധികം
എല്ലാം ക്ഷമിക്കണേ കര്‍ത്താവേ..
എന്നെ വെണ്മയാക്കേണമേ
വന്നിടുന്നേഴ നിന്‍ സവിധേ
ഉള്ളം ആകെ തകരും നേരം
ഉറ്റവര്‍ വിട്ടു പിരിയും നേരം
എന്നെ വിട്ടങ്ങു പോകരുതേ
നീയല്ലാതില്ലെനിക്കഭയം
എങ്ങും ആപത്തൊളിച്ചിരിക്കും
വേളയില്‍ നിന്‍ ദാസനാമെന്നെ
ഉള്ളം കൈയില്‍ വഹിച്ചിടണേ
കണ്മണി പോലെ കാത്തിടണേ..
നന്ദി/കടപ്പാട്: ശ്രീ. ജിജോ അങ്കമാലി (വിവരണം), അനിയന്‍ വര്‍ഗീസ് (ഓഡിയോ)



