നിന്നേക്കാള്‍ സ് നേഹിപ്പാന്‍
Speaker:
കാറ്റഗറി: Behind a song
Tags: സമര്‍പ്പണം, ഗാനം
Uploaded On: Oct 2, 2010
Views: 1387, മറുമൊഴികൾ അഥവാ കമന്റുകൾ: 0
നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം എന്നും ഒരു കാര്യത്തിന് തന്നെ ആയിരിക്കുമോ? സാഹചര്യങ്ങളുടെയും ഉയര്‍ച്ചയുടെയും ചിന്തഗതിയുടെയും മറ്റും മറ്റും അടിസ്ഥാനത്തില്‍ ഇവയ്ക്കു മാറ്റങ്ങള്‍ വരാം.. അല്ലേ?. എന്നാല്‍ നാം സ്നേഹിക്കുന്ന നമ്മുടെ സര്‍വവും യാഗമായി അര്‍പ്പിക്കുവാന്‍ ദൈവം ആവശ്യപ്പെടുന്നു. അങ്ങനെ ഒന്നാം സ്ഥാനം ദൈവത്തിനു സമര്‍പ്പിച്ചു ജീവിക്കുന്നതിനു ത്യാഗം ഏറെ ആവശ്യമാണ്.
ചിത്രാദ്ധ്യാപകനായി ഔദ്ദ്യോഗിക സേവനം ചെയ്തുവരവേയാണ് സാമുവേല്‍ സാറിന് പിതൃ സ്വത്തായി കുറച്ചു റബ്ബര്‍ത്തോട്ടം ലഭിച്ചത്. അദ്ധ്യാപക ജോലിയില്‍ നിന്നും പിരിയുമ്പോള്‍ കുടുംബത്തിനു ഒരു ആദായം ആകണം എന്ന് കരുതി തോട്ടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി ആവര്‍ത്തന കൃഷി ചെയ്‌താല്‍ കൊള്ളാം എന്നൊരിക്കല്‍ ആഗ്രഹം തോന്നിയതനുസരിച്ച് അതിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തു.
റബ്ബര്‍ മരങ്ങള്‍ അറുത്തു മാറ്റി പുതിയ തൈകള്‍ വച്ചു നന്നായി വളമിട്ടു അതി ശ്രദ്ധയോടെ പണികള്‍ തുടര്‍ന്നു.. മരങ്ങള്‍ ഓരോന്നും നന്നായി വളര്‍ന്നു.. മാത്രമല്ല, "മികച്ച കര്‍ഷകന്‍" എന്ന്‍ റബ്ബര്‍ ബോര്‍ഡിന്റെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്തു. അതിനിടയില്‍ തന്നെ ചേന, ചേമ്പ്, വാഴ മുതലായ ഇടകൃഷികളും ചെയ്തു. അതും നന്നായി വളര്‍ന്നു വന്നു. പിന്നെ അവയെ പരിപാലിക്കാനായി ശ്രദ്ധ. സ്കൂള്‍ വിട്ടു വന്നാലുടന്‍ തോട്ടത്തിലേക്ക് .. തന്റെ സ്വന്തം അദ്ധ്വാനത്തിന്റെ ഫലമായ റബ്ബര്‍ മരങ്ങളും ഇടക്കൃഷി വിഭവങ്ങളും കണ്ടു താന്‍ ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുക പതിവായി.. പിന്നെപ്പിന്നെ ഊണിലും ഉറക്കത്തിലും എല്ലാം ചിന്ത ഇതു തന്നെയായി ...!
അങ്ങനെയിരിക്കെ ഒരു ദിവസം സാമുവേല്‍ സാറിനെ ഒരു കണ്‍വെന്‍ഷന് ക്ഷണിക്കാനായ് ചിലര്‍ അദ്ദേഹത്തിന്റെ ഇലന്തൂരുള്ള വീട്ടിലെത്തി. കണ്‍വെന്‍ഷന് അദ്ദേഹം വന്നു സംബന്ധിക്കേണ്ട ആവശ്യം അവര്‍ ഊന്നിപ്പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. കൃഷി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് കൊണ്ട് സാധിക്കില്ല എന്നാണ് അദ്ദേഹം കാരണമായി പറഞ്ഞത്..! അങ്ങനെ സംഘാടകര്‍ നിരാശരായി മടങ്ങിപ്പോയി.
അതിനു ശേഷം അദ്ദേഹം വീണ്ടും കൃഷിയിടത്തിലേക്ക് ചെന്നു. താന്‍ നട്ടു വളര്‍ത്തിയ തൈകളെ അഭിമാനത്തോടെ തലോടി ആസ്വദിച്ചു കൊണ്ട് നടക്കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് അദ്ധേഹത്തിന്റെ ഹൃദയത്തില്‍ ശക്തിയായി ഇടപെടുവാന്‍ ആരംഭിച്ചു. യോഗത്തിന് ക്ഷണിക്കാന്‍ വന്നവരെ നിരാശരാക്കി വിട്ട തന്റെ മനസ് കൃഷിയിലേക്ക് ചായുകയാണല്ലോ എന്ന ചിന്ത തന്നെ ഭാരപ്പെടുത്തി. കര്‍ത്താവിനെക്കാള്‍ കൂടുതലായി തന്റെ കൃഷിയെയാണല്ലോ താന്‍ സ്നേഹിക്കുന്നത് എന്ന ചിന്ത മനസ്സില്‍ അതിയായ ഭാരം ഉളവാക്കി.. ആ ഹൃദയം ദൈവ സന്നിധിയില്‍ സ്വയം താഴ്ത്തി തോട്ടത്തില്‍ നിന്നുകൊണ്ട് തന്നെ ഇവയെല്ലാം 'വളരുമാറാക്കിയ' ദൈവത്തിലേക്ക് മനസുയര്‍ത്തി അനുതാപത്തോടെ അദ്ദേഹം ഇപ്രകാരം പാടുകയുണ്ടായി:
"നിന്നേക്കാള്‍ സ് നേഹിപ്പാന്‍ എന്നുടെ ആയുസ്സില്‍
ഒന്നുമുണ്ടാകല്ലേ കര്‍ത്താവേ
വന്ദിപ്പാന്‍ വാഴ്ത്തുവാന്‍ പാടുവാന്‍ ഘോഷിപ്പാന്‍
എന്നും നിന്നെ മതി കര്‍ത്താവേ..."
"ഒന്നും" ഉണ്ടാകല്ലേ എന്ന് താന്‍ അര്‍ത്ഥമാക്കിയത് താന്‍ നട്ടു വളര്‍ത്തിയ റബ്ബര്‍, ചേന, ചേമ്പ്, വാഴ തുടങ്ങി എല്ലാമായിരുന്നു.. അതൊക്കെ എത്ര മേത്തരമായാലും ആരൊക്കെ പ്രശംസിച്ചാലും അതിനോടൊക്കെയുള്ള സ്നേഹത്തെക്കാള്‍ അധികമായ് ദൈവത്തെ സ്നേഹിക്കാന്‍ ആകണമെന്ന് താന്‍ ആഗ്രഹിക്കുകയും "മണ്ണിലെ മോഹങ്ങള്‍ ഒന്നുമെന്‍ കണ്ണിനു മുന്നില്‍ ഉയരല്ലേ.." എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. എല്ലാറ്റിനെക്കാളും ഉപരിയായി കര്‍ത്താവിനെ സ്നേഹിക്കുവാന്‍ ആഗ്രഹിച്ച ഒരു ഭക്ത ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു പ്രാര്‍ത്ഥനാ ഗാനമാണിത് എന്ന്‍ പറയാം.
"ഇവയില്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ" എന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നമ്മോടു ഓരോരുത്തരോടും ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്നു..! നമ്മുടെ സ്നേഹം അവനോടു മാത്രമോ?
ഗാനരചന: റ്റി. കെ. സാമുവേല്‍
നിന്നേക്കാള്‍ സ് നേഹിപ്പാന്‍ എന്നുടെ ആയുസ്സില്‍
ഒന്നുമുണ്ടാകല്ലേ കര്‍ത്താവേ
വന്ദിപ്പാന്‍ വാഴ്ത്തുവാന്‍ പാടുവാന്‍ ഘോഷിപ്പാന്‍
എന്നും നിന്നെ മതി കര്‍ത്താവേ
എന്നെയുമോര്‍ത്തു നീ ഖിന്നനായ് കാല്‍വരി -
ക്കുന്നിലെ ക്രൂശിലെന്‍ കര്‍ത്താവേ
മന്നിലെ മോഹങ്ങള്‍ ഒന്നുമെന്‍ കണ്ണിനു
മുന്നിലുയരല്ലേ കര്‍ത്താവേ
എന്നഴല്‍ നീങ്ങുവാന്‍ നിന്‍ കഴലാശ്രയം
നിന്‍ നിഴല്‍ ശീതളം കര്‍ത്താവേ
എന്നിരുള്‍ നീങ്ങിടും നിന്‍ മുഖ ശോഭയില്‍
നിന്നരുള്‍ സാന്ത്വനം കര്‍ത്താവേ
എന്ന് നീ വന്നിടും നിന്നുടല്‍ കാണുവാന്‍
എന്നിനി സാധിക്കും കര്‍ത്താവേ
വന്നിടും ഞാന്‍ വേഗം എന്നുര ചെയ്തു നീ
വന്നിടണേ യേശു കര്‍ത്താവേ
നന്ദി/കടപ്പാട്: ശ്രീ. ജിജോ അങ്കമാലി (വിവരണം), ജി. എല്‍. എസ് (ഓഡിയോ)



