ഡോ. സൈലസ് സി. നായര്‍

ദൈവശാസ്ത്ര പണ്ഡിതന്‍ , ഗ്രന്ഥകാരന്‍ , വേദാദ്ധ്യാപകന്‍ , സുവിശേഷകന്‍

ഒരു യാഥാസ്ഥിക ഹൈന്ദവ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ശ്രീ. നായര്‍ ചെറുപ്പം മതപരമായ ആചാര അനുഷ്ടാനങ്ങള്‍ , വിഗ്രഹാരാധനയില്‍ കേന്ദ്രീകരിച്ചുള്ള ദൈവിക ആരാധനകള്‍ തുടങ്ങിയ കാര്യങ്ങളെ പിന്തുടര്‍ന്ന് പോന്നു. അപ്പോഴൊക്കെ ദൈവത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ്യം കണ്ടെത്താനുള്ള അന്വേഷണ ബുദ്ധി ഉള്ളില്‍ സൂക്ഷിച്ചിരുന്നു. ചുറ്റും കാണുന്ന മനുഷ്യ ജീവിതത്തിന്റെ കഷ്ടപ്പാടുകളും അര്‍ത്ഥ ശൂന്യതയും ഒരു ജീവനുള്ള ദൈവം ഉണ്ടോ എന്ന് അറിയാനുള്ള അദ്ധേഹത്തിന്റെ ആഗ്രഹം വര്‍ദ്ധിപ്പിച്ചു.

ജോലിയോടുള്ള ബന്ധത്തില്‍ മുംബൈ പട്ടണത്തില്‍ താമസമാക്കി. ദൈവാന്വേഷണം അവിടെയും തുടര്‍ന്നു.

അങ്ങനെയിരിക്കെ ഒരിക്കല്‍ ദൈവ വചനമായ ബൈബിളില്‍ നിന്നും ഒരു പ്രസംഗം കേള്‍ക്കുവാന്‍ ഇടയായി. സകല മാനുഷര്‍ക്കും മോക്ഷം എകുവാന്‍ വേണ്ടി ബലിയായി അര്‍പ്പിക്കപ്പെട്ട കര്‍ത്താവായ യേശു ക്രിസ്തുവിനെ പറ്റിയായിരുന്നു ആ പ്രസംഗം. അവന്‍ മരിച്ചത് നമുക്ക് പകരം നമുടെ പാപങ്ങള്‍ക്ക്‌ വേണ്ടിയാണെന്നും യാതൊരു വിധ കര്‍മങ്ങളും കൂടാതെ തന്നെ സ്വര്‍ഗം മനുഷ്യന് ദൈവം ദാനമായി നല്‍കുമെന്നും മനസിലാക്കിയ അദ്ദേഹം തന്റെ ജീവിതം കര്‍ത്താവായ യേശുവിനായി സമര്‍പ്പിച്ചു. അവനെ ഹൃദയത്തില്‍ സ്വീകരിച്ചപ്പോള്‍ ദൈവം തന്റെ വചനത്തില്‍ വാഗ്ദത്തം ചെയ്തിരിക്കുന്നത് പോലെ ഒരു പുതിയ ജനനം നല്‍കി!

തുടര്‍ന്നു ദൈവ വചനമായ ബൈബിള്‍ പഠിക്കുന്നതിനു ഒട്ടേറെ സമയം നീക്കിവച്ചു. കര്‍ത്താവായ യേശു ക്രിസ്തുവിനെ കൂടുതല്‍ അറിയാന്‍ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ വചനം പഠിക്കുകയും ഉപദേശ വിഷയങ്ങളില്‍ നിശ്ചയം നേടുകയും ചെയ്തു. അങ്ങനെയിരിക്കെ, തന്നെ ദൈവിക ശുശ്രൂഷയ്ക്കായി ദൈവം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതായി ബോദ്ധ്യപ്പെട്ട സൈലസ് മുഴുവന്‍ സമയവും കര്‍ത്താവിന്റെ ശുശ്രൂഷകള്‍ക്കായി വേര്‍തിരിഞ്ഞു.

ഇന്ത്യയുടെ പല ഭാഗങ്ങളിലായി സുവിശേഷകന്‍ , വേദാധ്യാപകന്‍ , പ്രസംഗകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ ശുശ്രൂഷിച്ചു. ദൈവ ശാസ്ത്രപരമായി പല ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.