Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ചെങ്കടല്‍ പിളരുമോ? - ശാസ്ത്രം പറയുന്നു

'ചെങ്കടല്‍ പിളരുമോ?' - 'ഏയ്‌, ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ലെന്നേ... അതൊക്കെ ഭാവനയല്ലേ...!' അല്ല, ഇനി അത് സത്യമാണെന്ന് ആരെങ്കിലും പറഞ്ഞാലോ? അപ്പോള്‍ 'അതിനു തെളിവുണ്ടോ' എന്നായി.. അതിനെന്താ, ഉണ്ടല്ലോ..

ചെങ്കടലിലെ വെള്ളം രണ്ടായി പിളര്‍ന്നതും അതിനു നടുവില്‍കൂടി മോശെ പ്രവാചകന്‍ നയിച്ച യിസ്രായേല്‍ ജനത മറുകരെ കടന്നതും പിന്നാലെ വന്ന ഈജിപ്ഷ്യന്‍ ഫറവോയും സൈന്യവും വെള്ളത്തിനടിയില്‍ പെട്ടു മുങ്ങി മരിച്ചതുമെല്ലാം വെറും കെട്ടുകഥകള്‍ എന്നും പറഞ്ഞു പോകാന്‍ വരട്ടെ.. ശാസ്ത്രീയ ഗവേഷണഫലങ്ങള്‍ ഈ സംഭവത്തിന്‌ സാധുത പ്രഖ്യാപിച്ചു കഴിഞ്ഞു..

Redsea - Bible & Science

കഥയോ കാര്യമോ?
 
ഈജിപ്തില്‍ നിന്നും യിസ്രായേല്‍ ജനതയുടെ പാലായനം.. പ്രവാചകനായ മോശെയാണ് നേതാവ്. കുഞ്ഞുകുട്ടികള്‍ പ്രായമായവര്‍ സ്ത്രീകള്‍ പുരുഷന്മാര്‍ എന്നിങ്ങനെ വലിയൊരു ജനസമൂഹം ഒന്നിച്ചു ആഘോഷത്തോടെ ഒരു പുത്തന്‍ സ്വാതന്ത്ര്യത്തിന്റെ മാറ്റൊലികള്‍ മുഴക്കിക്കൊണ്ട് ആവേശപൂര്‍വ്വം മുന്നേറുകയാണ്.. ദൈവം കാണിച്ചു കൊടുക്കുന്ന ഒരു ദേശത്തേക്കാണ് യാത്ര. വളര്‍ത്തുമൃഗങ്ങള്‍ സാധന സാമഗ്രികള്‍ തുടങ്ങിയവ കൂടെയുണ്ട്. അപ്പോഴാണ് ഒരു പ്രശ്നം, ദൈവം പറഞ്ഞു കൊടുത്ത വഴിയില്‍ ഇനി മുന്നില്‍ ചെങ്കടലാണ്.. മറുകരെ എത്താന്‍ അവരെക്കൊണ്ടു ഒരിക്കലും സാദ്ധ്യമല്ല. തിരികെ പോകാന്‍ നിവൃത്തിയുമില്ല. അപ്പോഴാണ് വിവരമറിഞ്ഞ് ഫറവോയുടെ വരവ്.. സകലരെയും കൊന്നൊടുക്കിയത് തന്നെ.. ജനം അകെ പരിഭ്രാന്തരായി..

പക്ഷേ, ദൈവം അവരുടെ നിലവിളി കാണുന്നുണ്ടായിരുന്നു.. ഉടന്‍ അരുളപ്പാടുണ്ടായി. എന്തു ചെയ്യണം എന്ന് മോശയ്ക്കു പറഞ്ഞു കൊടുത്തത് പ്രകാരം: "മോശെ കടലിന്മേല്‍ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍ കാറ്റുകൊണ്ടു കടലിനെ പിന്‍വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില്‍ വേര്‍പിരിഞ്ഞു. യിസ്രായേല്‍ മക്കള്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു".  നേരം വെളുത്തപ്പോള്‍ പിന്നാലെ വന്ന ഫറവോയെയും സൈന്യത്തെയും വെള്ളം തിരികെ വന്നു മൂടിക്കളഞ്ഞു. ഈ സംഭവം വിശുദ്ധ ബൈബിളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെ വായിക്കാം.

ശാസ്ത്രത്തിനു പറയാനുള്ളത്.

മണിക്കൂറില്‍ 63 മൈല്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ഒരു കൊടുങ്കാറ്റിനു ചെങ്കടലിടുക്കിലെ ആ ഭാഗത്ത്‌ വെള്ളത്തെ ശക്തിയായി പുറകോട്ടു തള്ളിമാറ്റുവാന്‍ കഴിയുമെന്ന് തന്നെയാണ് ഗവേഷകന്മാര്‍ അവകാശപ്പെടുന്നത്. രാത്രി മുഴുവന്‍ വീശിയടിക്കുന്ന കാറ്റിന്റെ ഫലമായി വെള്ളം പിന്‍വാങ്ങുകയും ഇരുവശത്തും മതില്‍ പോലെ നില്‍ക്കുകയും അതിനിടയില്‍ മൈലുകളോളം നീളവും വീതിയും ഉള്ള വലിയ നിലം രൂപപ്പെടുകയും ചെയ്യുക സാദ്ധ്യമാണ്. കാറ്റിന്റെ പിന്‍വാങ്ങല്‍ ഒടുവില്‍ വെള്ളത്തെ പൂര്‍വസ്ഥിതിയിലെത്തിക്കുമെന്നും.

രേഖാചിത്രങ്ങള്‍ ശ്രദ്ധിച്ചാലും..

Redsea - Bible & Science

Redsea - Bible & Science

ഗവേഷണ വിധേയമാക്കേണ്ട സാഹചര്യങ്ങള്‍ / പരിതസ്ഥിതികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന സിമുലേറ്ററുകളുടെ സഹായത്തോടെ ഇതിനു സമാനമായ സംഭവം പുനരവതരിപ്പിച്ചു കാണിക്കുവാനും അവര്‍ക്കായി. ഈ വീഡിയോ കണ്ടാല്‍ കാര്യങ്ങള്‍ കുറച്ചു കൂടെ വ്യക്തമാകും..

അമേരിക്കയിലെ National Center for Atmospheric Research (NCAR) നടത്തിയ ഗവേഷണത്തിനു നേതൃത്വം കൊടുത്ത ശസ്ത്രജ്ഞന്‍ കാള്‍ ഡ്രൂസ് ഇങ്ങനെ പറയുന്നു: "ഗവേഷണഫലങ്ങള്‍ ബൈബിളിലെ വിശദീകരണത്തോട് കൃത്യമായി ഒത്തുവരുന്നുണ്ട്‌". (ഇതേക്കുറിച്ചുള്ള ബി. ബി. സി ന്യൂസിന്റെ വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.)

ഇപ്പോള്‍ എന്തു തോന്നുന്നു?

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ എഴുതപ്പെട്ട ബൈബിള്‍ കെട്ടുകഥകള്‍ പലതും അടങ്ങിയ ഗ്രന്ഥമാണെന്നുള്ള തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. കാരണം പ്രകൃത്യാതീതമായ പല സംഭവങ്ങളും ബൈബിളില്‍ വിവരിക്കുന്നുണ്ട്. അതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തനമാണെന്ന് അങ്ങനെയങ്ങ് അംഗീകരിച്ചു കൊടുക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ല. മതിയായ വിശദീകരണം നമ്മുടെ ബുദ്ധിക്കു മനസിലാകുന്ന വിധം ലഭിക്കേണ്ടിയിരിക്കുന്നു.

ബൈബിളിലെ പ്രകൃത്യാതീതമായ സംഭവങ്ങള്‍ക്ക് മതിയായ ശാസ്ത്രീയ വിശദീകരണങ്ങള്‍ ഒരു പക്ഷേ എല്ലാ കാലഘട്ടത്തിലും ലഭ്യമായിരുന്നില്ല എന്ന് വന്നേക്കാം. അത് പക്ഷേ, ദൈവിക ഗ്രന്ഥത്തിന്റെ വിശ്വാസീയതയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. കാരണം, അത്തരം സംഭവങ്ങളെ എല്ലാം തെറ്റെന്നോ ശരിയെന്നോ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുവാന്‍ / വിശദമാക്കുവാന്‍ വളര്‍ച്ച നേടേണ്ട മേഖലകള്‍ ഇനിയും ശാസ്ത്രത്തിനുണ്ട്. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍ ബൈബിളിന്റെ ദൈവനിശ്വാസീയതയെ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ബൈബിള്‍ തീര്‍ത്തും വിശ്വസനീയമായ വിവരങ്ങള്‍ മാത്രം അടങ്ങിയ പുസ്തകം തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം ബൈബിളില്‍ അടങ്ങിയിരിക്കുന്ന ദൈവിക സന്ദേശം വിശ്വാസയോഗ്യമാണെന്ന സത്യത്തിനു ബലം പകരുന്നതാണ്.

കുറച്ചുകൂടെ വ്യക്തമാക്കിയാല്‍ സര്‍വ ശക്തനായ ദൈവം ആണ് ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് പിന്നില്‍. അസാദ്ധ്യമായ കാര്യങ്ങളെ സാദ്ധ്യമാക്കിത്തീര്‍ക്കാന്‍ കഴിവുള്ള അവിടുത്തെ കരവിരുതിനെയാണ് ഇതിലെ ഓരോ 'അതിശയ' സംഭവങ്ങളും വരച്ചു കാണിക്കുന്നത്..  ചെങ്കടലിനെ വിഭാഗിച്ച ഈ ചരിത്രം ഒന്ന് കൂടെ വായിക്കുമെങ്കില്‍ ഈ സത്യം നിങ്ങളെയും ആശ്ചര്യഭരിതരാക്കും, തീര്‍ച്ച.


വിവരങ്ങള്‍ക്ക് കടപ്പാട്: ബി.ബി.സി ന്യൂസ്‌

Share this
Your rating: None Average: 4.7 (12 votes)
 

question

In this heavy wind how can they pass the sea?

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)