Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

നമിക്കാം കര്‍ത്താവിനെ..

Your rating: None Average: 4 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Inspiring Thoughts
Subjects: ഗാനം, ക്രിസ്മസ്, ആരാധന
Uploaded On: Dec 23, 2010
Views: 2267, Comments: 0
Download Media:
   File Type: flv
   File Size: 20.87 MB

Login or Register to Download!
ഹായ്, ക്രിസ്മസ്..! ലോക രക്ഷകന്റെ ദിവ്യ ജനനവും അനുബന്ധ സംഭവങ്ങളും അങ്ങനെ ഒരിക്കല്‍ക്കൂടി നമ്മുടെ ചിന്തകളില്‍ സജീവമായിരിക്കുന്നു. പുല്‍ക്കൂടുകളും മിന്നുന്ന നക്ഷത്രങ്ങളും അലങ്കാരങ്ങളും എല്ലായിടത്തും.. എങ്ങും വലിയൊരാഘോഷത്തിന്റെ പ്രതീതി. വര്‍ണ്ണക്കടലാസില്‍ മെനഞ്ഞുണ്ടാക്കിയിരുന്ന നക്ഷത്രങ്ങള്‍ മാറി വൈദ്യുതാലങ്കാരങ്ങളും ലേസര്‍ ഉപകരണങ്ങളും ആണ് ഇപ്പോള്‍ ക്രിസ്മസ് രാത്രികളെ വര്‍ണാഭമാക്കുന്നത്.
 
ഈ ദിനങ്ങള്‍ പരമാവധി സന്തോഷിക്കുവാന്‍ ആഘോഷങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമായി നല്ലൊരു തുക ചലവിടുന്നുണ്ട് നാം. പക്ഷേ, സീസണ്‍ ഒന്ന് കഴിയുമ്പോഴോ?, അതിന്റെ പൊടിപടലങ്ങള്‍ എല്ലാം ഒന്ന് അടങ്ങിക്കഴിയുമ്പോള്‍? ജീവിതം വീണ്ടും പഴയപടി.. !

Worship Song : Malayalam video song FREE Download
യഥാര്‍ത്ഥത്തില്‍ ക്രിസ്മസ്, മറ്റൊരു ചെലവുള്ള ഒരുക്കത്തിന്റെ കഥ പറയുന്നുണ്ട്. സത്യം കണ്ടുപിടിക്കാനും അംഗീകരിക്കാനും അനുസരിക്കാനും മിനക്കെട്ട, പണവും ആരോഗ്യവും സമയവും ചെലവിട്ട ഒരു കൂട്ടം ബുദ്ധിമാന്മാരായ ആളുകളുടെ യാത്രയുടെയും അവരുടെ കണ്ടെത്തലിന്റെയും ആരാധനയുടെയും വിവരണം ക്രിസ്തുവിന്റെ ജനനത്തോട് ബന്ധപ്പെട്ടു ബൈബിളില്‍ ഉണ്ട്. മനസിലായിക്കാണും, യേശുക്കുഞ്ഞിനെ വന്നു കണ്ടു വണങ്ങുന്നതിനു കിഴക്കുനിന്നു യാത്ര ചെയ്തെത്തിയ വിദ്വാന്മാര്‍ തന്നെ. (ഈ ചരിത്രം ബൈബിളില്‍ നിന്നും ഇവിടെ വായിക്കാം)

വഴികാട്ടാന്‍ ദിവ്യ നക്ഷത്രം:
 

പ്രകൃതിയിലൂടെ, പ്രമാണങ്ങളിലൂടെ, അറിവിന്റെ വഴിത്താരകളിലൂടെ ആത്മീയ വെളിച്ചം അന്വേഷിക്കുന്ന ഒരു കൂട്ടം ആളുകള്‍ എല്ലാക്കാലത്തും മനുഷ്യ സമൂഹത്തില്‍ നിലനിന്നിരുന്നു. ദൈവമാണ് പ്രപഞ്ചത്തിന്റെ നിര്‍മ്മാതാവെന്നും സര്‍വശക്തനും സര്‍വവ്യപിയും സര്‍വജ്ഞാനിയുമായ അവിടുത്തെ കരങ്ങളിലാണ് നാം പുലരുന്നതെന്നും ആ ദൈവത്തെ ഭജിക്കുന്നതാണ് ആത്മ സായൂജ്യമെന്നും അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ മനുഷ്യര്‍ക്ക്‌ പ്രാപ്യനായ ഒരു സത്യ ദൈവത്തിനായുള അന്വേഷണം വിവിധ മാര്‍ഗങ്ങളിലൂടെ അവര്‍ തുടര്‍ന്നു വന്നു.

അങ്ങനെയുള്ള ഒരു കൂട്ടം ജ്ഞാനികള്‍ക്കാണ് ആ ദിവ്യ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത‍..! ദൈവം നിങ്ങളെ തേടിയെത്തിയിരിക്കുന്നു ! അതേ, ക്രിസ്മസിന് നമ്മള്‍ വീടുകളില്‍ തൂക്കിയിടുന്ന നക്ഷത്രങ്ങള്‍ക്കും പുല്‍ക്കൂട്ടിലെ കഥാപാത്രങ്ങള്‍ക്കും എല്ലാം ഈ ഒരു സന്ദേശമാണ് പറയാനുള്ളത് - നാം ഓര്‍ക്കാറില്ലെങ്കില്‍ക്കൂടി..

കഥയല്ല, കാര്യം തന്നെ... അതാണല്ലോ ഈ അത്യപൂര്‍വമായ നക്ഷത്രത്തിന്റെ ഉദയം.. ദൈവിക വെളിപ്പാടിനെ അവര്‍ തള്ളിക്കളഞ്ഞില്ല.. ആ ദിവ്യപുരുഷനെ തേടി അവര്‍ യാത്ര പുറപ്പെടാനുറച്ചു.. നക്ഷത്രം നയിക്കുന്ന പാതയിലൂടെ, ഉയരങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് അവര്‍ ആ പുണ്യ യാത്രയ്ക്ക് തുടക്കം കുറിച്ചു.. ദിവ്യ താരകം അവരെ നയിച്ചുകൊണ്ടിരുന്നു.. ബേദ്‌ലഹേമിലെ ഒരു കൊച്ചു ഭവനത്തിലേക്ക് .. നക്ഷത്രത്തെ നോക്കിയുള്ള ആ യാത്ര എത്ര സന്തോഷകരമായിരുന്നെന്നോ..!

ചിലവുള്ള യാത്ര:

"ബേദ്‌ലഹേമിലേക്ക് ഒരുല്ലാസയാത്ര, ഫ്രീ..." എന്നു പറഞ്ഞാല്‍ ഇന്നു നല്ല ആളെ കിട്ടും, സംശയമില്ല.. പക്ഷേ, അന്നോ? അത് ഒട്ടും ഈസി അല്ലായിരുന്നു. ഇന്നത്തെപ്പോലെ ട്രെയിനോ പ്ലെയിനോ അന്നില്ലല്ലോ. വീടും നാടും വിട്ടു, കാടുകള്‍ മേടുകള്‍ കടന്നു... ചൂടും തണുപ്പും സഹിച്ചു... വാഹന  മൃഗങ്ങളുടെ പുറത്തേറി ദിവ്യരക്ഷകന് കാഴ്ചവയ്ക്കാനുള്ള അമൂല്യ നിക്ഷേപങ്ങളുമായി വളരെ അദ്ധ്വാനം ചെയ്തു ത്യാഗപൂര്‍വമായ ഒരു സാഹസിക യാത്ര എന്നു തന്നെ പറയാം.. ഒരു വന്‍ തീര്‍ത്ഥാടന സംഘത്തിന്റെ നാളുകള്‍ നീണ്ട യാത്ര - അതും സ്വന്തം ചെലവില്‍..!

കര്‍ത്താവായ ദൈവം ഒരു കുഞ്ഞായി പിറന്നു വീണ മണ്ണില്‍, ആ യാത്രാസംഘത്തിന്റെ കാലുകള്‍ കുത്തുമ്പോള്‍ അവരുടെ യാത്ര തുടങ്ങിയിട്ട് വര്‍ഷം രണ്ടിനോടു അടുത്തിരുന്നു. (നക്ഷത്രം കണ്ട സമയത്തെക്കുറിച്ച് അവരില്‍ നിന്നുള്ള വിവരണം ശ്രവിച്ച ശേഷം യേശുക്കുഞ്ഞിന്റെ പ്രായം കണക്കാക്കിയത് രണ്ടു വയസിനു താഴെ എന്നാണല്ലോ. അതുകൊണ്ടാണ് ആ സമയത്ത് രണ്ടു വയസിനു താഴെ പ്രായമുള്ള എല്ലാ ആണ്‍ കുഞ്ഞുങ്ങളെയും കൊന്ന് കളയാന്‍ ഹെരോദാവു രാജാവ്‌ കല്പിച്ചതു. യേശുക്കുഞ്ഞിനു അന്ന് രണ്ടു വയസിനടുത്തു പ്രായം കാണും. അതായത്, ദിവ്യ നക്ഷത്രത്തിന്റെ ഉദയം - അഥവാ യേശു ക്രിസ്തുവിന്റെ ജനനം - മുതല്‍ വിദ്വാന്മാരുടെ കൊട്ടാര സന്ദര്‍ശനത്തിന്റെ സമയം വരെ രണ്ടു വര്‍ഷത്തിനടുത്തു സമയം എടുത്തിരുന്നു.) ഹോ, എന്തൊരു ദീര്‍ഘമായ യാത്രയായിരുന്നു അത് !


ഒട്ടകപ്പുറത്ത് വരുന്ന വിദ്വാന്മാരുടെ ചിത്രം കാണുമ്പോള്‍ ഇത്രയും കഷ്ടപ്പെട്ടുള്ള ഒരു അതി സാഹസിക യാത്രയായിരുന്നു അവരുടേത് എന്നു ഓര്‍ക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഇത്രയും അദ്ധ്വാനം എന്തിനായിരുന്നു ?? ദൈവത്തെ അറിയാന്‍ - കണ്ടെത്താന്‍ മന:പൂര്‍വമായ ഒരു ഒരുക്കം - സമര്‍പ്പണം - ഇതുപോലെ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ക്രിസ്മസ് ഒരു മനസൊരുക്കത്തിന്റെ വേദിയാകട്ടെ..

ചിലവുള്ള ആരാധന:
 

നക്ഷത്രം വീണ്ടും അവരെ രാജകൊട്ടാരത്തില്‍ നിന്നും ബെത്ലഹേമിലെ ഒരു കൊച്ചു ഭവനത്തിലേയ്ക്ക് നയിച്ചു. അവിടെ അതാ, മറിയയ്ക്കും യോസേഫിനുമൊപ്പം ചേതോരൂപിയായൊരു കൈക്കുഞ്ഞ്... വിദ്വാന്മാര്‍ ആശ്ചര്യ ഭരിതരായി.. ഇതാ, ലോക രക്ഷകന്‍? സര്‍വ ലോകത്തെയും പാപത്തില്‍ നിന്നും രക്ഷിക്കാന്‍ മനുഷ്യവേഷം ധരിച്ച അഖിലേശനായ ദൈവം ! പിന്നെ അവര്‍ ഒട്ടും മടിച്ചില്ല... അവര്‍ ഇത്രയും ദൂരം സൂക്ഷിച്ചു കൊണ്ടുവന്ന നിക്ഷേപങ്ങള്‍ ശേഖരിച്ച പാത്രങ്ങളെ തുറന്നു.. സര്‍വാധിനാഥന് മുന്‍പില്‍ കാഴ്ച വച്ച്.. ആ ശിശു രൂപം പൂണ്ട കര്‍ത്താവിനു മുന്‍പില്‍ വീണു.. അവിടുത്തെ നമസ്കരിച്ചു... ആരാധിച്ചു .. സകലവും അര്‍പ്പിച്ചു കൊണ്ടൊരു ആരാധന.. കാരണം അവിടുന്ന് ദൈവമാണ്... അവിടുത്തെ മാത്രമേ ആരാധിക്കാവൂ.. ആ തിരിച്ചറിവ് സഞ്ചാരികളായ ജ്ഞാനികള്‍ക്കുണ്ടായിരുന്നു.. 

ഇനി തിരിച്ചു കൊണ്ടുപോകാന്‍ ഒന്നുമില്ല.. ഒരു പക്ഷെ അവര്‍ ഓരോരുത്തരും ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചു സമ്പാദിച്ച അവരുടെ ആകെയുള്ള നിക്ഷേപങ്ങള്‍ ആയിരുന്നിരിക്കാം അവയില്‍ പലതും.. വളരെ വിലകൊടുത്തു വാങ്ങിയ കാഴ്ച വസ്തുക്കളും കാണാം.. പക്ഷെ, അതില്‍ കുറഞ്ഞ എന്തൊരു വസ്തു അവര്‍ ദൈവത്തിനു മുന്‍പില്‍ കാഴ്ച കൊണ്ടുവരും? സര്‍വ വല്ലഭനായ കര്‍ത്താവിനെ കണ്ടറിഞ്ഞപ്പോള്‍ അതിലൊന്നും അവര്‍ മടിച്ചില്ല.. സകലത്തിലും വലിയവനായി കര്‍ത്താവിനെ അവര്‍ വിലമതിച്ചതിന്റെ പ്രകടനമായിരുന്നു ആ ആരാധന.. ഹോ, ഇത്രയും ചെലവ് ചെയ്തൊരു ആരാധനയോ?

ഒന്നോര്‍ത്തു നോക്കൂ... സാക്ഷാല്‍ ദൈവമായ കര്‍ത്താവു നിങ്ങളെപ്പോലെ ഒരു മനുഷ്യനായി ഇന്ന് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവിടുത്തേക്ക് എന്ത് കൊടുക്കും? കടലാസ് കൊണ്ടുണ്ടാക്കിയ ഒരു നക്ഷത്രമോ? ഒരു കഷണം കേയ്ക്കോ? അല്പം രസത്തിനു ഇത്തിരി മദ്യമോ? അതോ കുറച്ചു പണമോ? വേണ്ടേ വേണ്ട..! ദൈവത്തിനു വേണ്ടത് നിങ്ങളുടെ ഒരു ഔദാര്യവുമല്ല.. മറിച്ച്, ഹൃദയം തുറന്നുള്ള സ്വീകരണമാണ്.. സമ്പൂര്‍ണമായ സമര്‍പ്പണമാണ്‌.. നിങ്ങളെത്തന്നെയും നിങ്ങള്‍ക്കുള്ള സകലത്തിനെയും തന്നെ.. അതില്‍ കുറഞ്ഞ ഒന്നും അവിടുത്തേയ്ക്ക് വേണ്ട..

എന്താ, ദൈവത്തിനു മുന്‍പില്‍ സ്വയം ത്യാഗം ചെയ്യാന്‍ നിങ്ങള്‍ ഒരുക്കമാണോ? ഇല്ലെങ്കില്‍ നിങ്ങള്‍ യേശുവിനെ ദൈവംവും കര്‍ത്താവുമായി മനസിലാക്കിയിട്ടില്ല.. മാത്രമല്ല ഈ ക്രിസ്മസ് കൊണ്ടു നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല.. ചില വെറും ചിലവുകള്‍ അല്ലാതെ....

പുതിയ വഴിയേ..

ആരാധനയുടെ സന്തോഷവും സംതൃപ്തിയും നുകര്‍ന്ന വിദ്വാന്മാരെ ദൈവം മറ്റൊരു വഴിയാണ് തിരിച്ചയച്ചത്. കുഞ്ഞിനെ കൊല്ലാന്‍ അവസരം നോക്കിയിരിക്കുന്ന ഹെരോദാവു രാജാവിന്റെ മുന്‍പില്‍ വീണ്ടും ചെല്ലാതിരിക്കാന്‍ അവരോടു രാജകൊട്ടാരം വഴിയായി പോകരുതെന്ന് ദൈവം പറഞ്ഞു. അങ്ങനെ അവര്‍ മറ്റൊരു വഴിയായി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.

ദൈവത്തെ കണ്ടെത്തിയവര്‍ എന്നും പുതിയ ജീവിതത്തിനു ഉടമകളാണ്.. പഴയ കൂട്ടുകള്‍, പരിചയങ്ങള്‍ ഉപേക്ഷിച്ചു പുതിയ വഴിയെ.. പുതിയ വചനത്തിനു ചെവികൊടുത്ത്‌ പുതിയൊരു ദൈവിക പദ്ധതിയില്‍ പങ്കുള്ളവരായി അവര്‍ സത്യത്തിന്റെ സാക്ഷികളായി മുന്നേറുന്നു.. അങ്ങനെയുള്ളവര്‍ ഏതു കാലത്തും ഉണ്ട്.. ഈ കൂട്ടത്തില്‍ നിങ്ങള്‍ പെടുമോ?


നക്ഷത്രം എന്ത് പറയുന്നു?
 
ദൈവത്തെ അന്വേഷിക്കുന്നവരാണ് യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍. അവര്‍ ദൈവത്തെ പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുന്നു. അവര്‍ ദൈവത്തെ കണ്ടെത്തുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു. വിശുദ്ധിയും സത്യോപദേശവും അനുസരിച്ചുള്ള പുതിയ ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കുന്നു... അങ്ങനെയുള്ളവരുടെ ഹൃദയങ്ങളിലാണ് യഥാര്‍ത്ഥ ക്രിസ്തുമസ് നടക്കുന്നത്..

വിണ്ണിലെ നക്ഷത്രങ്ങള്‍ ഇന്നും ആ ഗാനം ഏറ്റു പാടുകയാണ്... "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം.." (ഇവിടെ ഒത്തുനോക്കാം) ഇനിയെങ്കിലും ക്രിസ്മസിന് നക്ഷത്രം കാണുമ്പോള്‍ ഇതൊന്നു ഓര്‍ക്കുമല്ലോ...


ദൈവം അത്യുന്നതന്‍, എങ്കിലും താഴ്മയുള്ളവനായി ഒരു മനുഷ്യനായി നമുക്ക് വേണ്ടി വന്നുവല്ലോ... മഹോന്നതനായ അവിടുത്തെ മുന്‍പില്‍ നമുക്കും ഭക്തിയോടെ കുമ്പിടാം.. അവിടുത്തെ ആരാധിക്കാം.. അങ്ങനെയെങ്കില്‍ അര്‍ത്ഥമുള്ള ഒരു ക്രിസ്മസ് നിങ്ങള്‍ക്കുണ്ടാകും.. ഈ ഗാനത്തിലൂടെ കവി അതാണ്‌ പറയുന്നത്..

ഭജിക്കുക നീ നിത്യം യേശു മഹേശനെ
യേശു മഹേശനെ നാക നിവാസനെ

ദേവകള്‍ വണങ്ങിടും ദീന ദയാലുവേ
സദയമീ നമ്മെ കാക്കും സദ്‌ഗുണ സിന്ധുവേ

മരിയയില്‍ അവതാരം ചെയ്തൊരു നാഥനെ
മലയതില്‍ ബലി ചെയ്ത മര്‍ത്യ ശരീരനെ

താരകം കരങ്ങളില്‍ താങ്ങിടും നാഥനെ
തരണിപോല്‍ അവനിയില്‍ വന്നിടും വന്ദ്യനെ


ഗാനരചന: മഹാകവി കെ.വി സൈമണ്‍